Exodus 40

1അനന്തരം യഹോവ മോശെയോടു അരുളിച്ചെയ്തതു എന്തെന്നാൽ: 2ഒന്നാം മാസം ഒന്നാം തിയ്യതി നീ സമാഗമനകൂടാരമെന്ന തിരുനിവാസം നിവിൎക്കേണം. 3സാക്ഷ്യപെട്ടകം അതിൽ വെച്ചു തിരശ്ശീലകൊണ്ടു പെട്ടകം മറെക്കേണം. 4മേശ കൊണ്ടുവന്നു അതിന്റെ സാധനങ്ങൾ ക്രമത്തിൽ വെക്കേണം. നിലവിളക്കു കൊണ്ടുവന്നു അതിന്റെ ദീപം കൊളുത്തേണം. 5ധൂപത്തിന്നുള്ള പൊൻപീഠം സാക്ഷ്യപെട്ടകത്തിന്നു മുമ്പിൽ വെച്ചു തിരുനിവാസവാതിലിന്റെ മറശ്ശീല തൂക്കേണം. 6സമാഗമനകൂടാരമെന്ന തിരുനിവാസത്തിന്റെ വാതിലിന്നു മുമ്പിൽ ഹോമയാഗപീഠം വെക്കേണം. 7സമാഗമനകൂടാരത്തിന്നും യാഗപീഠത്തിന്നും നടുവിൽ തൊട്ടി വെച്ചു അതിൽ വെള്ളം ഒഴിക്കേണം. 8ചുറ്റും പ്രാകാരം നിവിൎത്തു പ്രാകാരവാതിലിന്റെ മറശ്ശീല തൂക്കേണം. 9അഭിഷേകതൈലം എടുത്തു തിരുനിവാസവും അതിലുള്ള സകലവും അഭിഷേകം ചെയ്തു അതും അതിന്റെ ഉപകരണങ്ങളൊക്കെയും ശുദ്ധീകരിക്കേണം; അതു വിശുദ്ധമായിരിക്കേണം. 10ഹോമയാഗപീഠവും അതിന്റെ ഉപകരണങ്ങൾ ഒക്കെയും അഭിഷേകം ചെയ്തു യാഗപീഠം ശുദ്ധീകരിക്കേണം; യാഗപീഠം അതിവിശുദ്ധമായിരിക്കേണം. 11തൊട്ടിയും അതിന്റെ കാലും അഭിഷേകം ചെയ്തു ശുദ്ധീകരിക്കേണം. 12അഹരോനെയും പുത്രന്മാരെയും സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ കൊണ്ടുവന്നു അവരെ വെള്ളംകൊണ്ടു കഴുകേണം. 13അഹരോനെ വിശുദ്ധവസ്ത്രം ധരിപ്പിച്ചു, എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന്നു അവനെ അഭിഷേകം ചെയ്തു ശുദ്ധീകരിക്കേണം. 14അവന്റെ പുത്രന്മാരെ വരുത്തി അങ്കി ധരിപ്പിച്ചു, 15എനിക്കു പുരോഹിത ശുശ്രൂഷ ചെയ്യേണ്ടതിന്നു അവരുടെ അപ്പനെ അഭിഷേകം ചെയ്തതുപോലെ അവരെയും അഭിഷേകം ചെയ്യേണം; അവരുടെ അഭിഷേകം ഹേതുവായി അവൎക്കു തലമുറതലമുറയോളം നിത്യപൌരോഹിത്യം ഉണ്ടായിരിക്കേണം. 16മോശെ അങ്ങനെ ചെയ്തു; യഹോവ തന്നോടു കല്പിച്ചതുപോലെ ഒക്കെയും അവൻ ചെയ്തു.

17ഇങ്ങനെ രണ്ടാം സംവത്സരം ഒന്നാം മാസം ഒന്നാം തിയ്യതി തിരുനിവാസം നിവിൎത്തു. 18മോശെ തിരുനിവാസം നിവിൎക്കുകയും അതിന്റെ ചുവടു ഉറപ്പിക്കയും പലക നിറുത്തുകയും അന്താഴം ചെലുത്തുകയും തൂൺ നാട്ടുകയും ചെയ്തു. 19അവൻ മൂടുവിരി തിരുനിവാസത്തിന്മേൽ വിരിച്ചു അതിന്മീതെ മൂടുവിരിയുടെ പുറമൂടിയും വിരിച്ചു; യഹോവാ മോശെയോടു കല്പിച്ചതുപോലെ തന്നേ. 20അവൻ സാക്ഷ്യം എടുത്തു പെട്ടകത്തിൽ വെച്ചു; പെട്ടകത്തിന്നു തണ്ടു ചെലുത്തി പെട്ടകത്തിന്നു മീതെ കൃപാസനം വെച്ചു. 21പെട്ടകം തിരുനിവാസത്തിൽ കൊണ്ടുവന്നു മറയുടെ തിരശ്ശീല തൂക്കി സാക്ഷ്യപെട്ടകം മറെച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ. 22സമാഗമനകൂടാരത്തിൽ തിരുനിവാസത്തിന്റെ വടക്കുവശത്തു തിരശ്ശീലെക്കു പുറത്തായി മേശവെച്ചു. 23അതിന്മേൽ യഹോവയുടെ സന്നിധിയിൽ അപ്പം അടുക്കിവെച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ. 24സമാഗമനകൂടാരത്തിൽ മേശെക്കു നേരെ തിരുനിവാസത്തിന്റെ തെക്കുവശത്തു നിലവിളക്കു വെക്കയും യഹോവയുടെ സന്നിധിയിൽ ദീപം കൊളുത്തുകയും ചെയ്തു; 25യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ. 26സമാഗമനകൂടാരത്തിൽ തിരശ്ശീലയുടെ മുൻവശത്തു പൊന്നുകൊണ്ടുള്ള ധൂപപീഠം വെക്കയും അതിന്മേൽ സുഗന്ധധൂപവൎഗ്ഗം ധൂപിക്കയും ചെയ്തു; 27യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ. 28അവൻ തിരുനിവാസത്തിന്റെ വാതിലിന്നുള്ള മറശ്ശീല തൂക്കി. 29ഹോമയാഗപീഠം സമാഗമനകൂടാരമെന്ന തിരുനിവാസത്തിന്റെ വാതിലിന്നു മുൻവശത്തു വെക്കയും അതിന്മേൽ ഹോമയാഗവും ഭോജനയാഗവും അൎപ്പിക്കയും ചെയ്തു. യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ. 30സമാഗമനകൂടാരത്തിന്നും യാഗപീഠത്തിന്നും നടുവിൽ അവൻ തൊട്ടിവെക്കയും കഴുകേണ്ടതിന്നു അതിൽ വെള്ളം ഒഴിക്കയും ചെയ്തു. 31മോശെയും അഹരോനും അവന്റെ പുത്രന്മാരും അതിൽ കയ്യും കാലും കഴുകി. 32അവർ സമാഗമനകൂടാരത്തിൽ കടക്കുമ്പോഴും യാഗപീഠത്തിങ്കൽ ചെല്ലുമ്പോഴും കൈകാലുകൾ കഴുകും; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ. 33അവൻ തിരുനിവാസത്തിന്നും യാഗപീഠത്തിന്നും ചുറ്റം പ്രാകാരം നിറുത്തി; പ്രാകാരവാതിലിന്റെ മറശ്ശീല തൂക്കി. ഇങ്ങനെ മോശെ പ്രവൃത്തി സമാപിച്ചു.

34അപ്പോൾ മേഘം സമാഗമനകൂടാരത്തെ മൂടി, യഹോവയുടെ തേജസ്സു തിരുനിവാസത്തെ നിറെച്ചു. 35മേഘം സമാഗമനകൂടാരത്തിന്മേൽ അധിവസിക്കയും യഹോവയുടെ തേജസ്സു തിരുനിവാസത്തെ നിറെക്കയും ചെയ്തതുകൊണ്ടു മോശെക്കു അകത്തു കടപ്പാൻ കഴിഞ്ഞില്ല. 36യിസ്രായേൽമക്കൾ തങ്ങളുടെ സകലപ്രയാണങ്ങളിലും മേഘം തിരുനിവാസത്തിന്മേൽനിന്നു ഉയരുമ്പോൾ യാത്ര പുറപ്പെടും. 37മേഘം ഉയരാതിരുന്നാൽ അതു ഉയരുംനാൾവരെ അവർ യാത്രപുറപ്പെടാതിരിക്കും. 38യിസ്രായേല്യരുടെ സകലപ്രയാണങ്ങളിലും അവരെല്ലാവരും കാൺകെ പകൽ സമയത്തു തിരുനിവാസത്തിന്മേൽ യഹോവയുടെ മേഘവും രാത്രിസമയത്തു അതിൽ അഗ്നിയും ഉണ്ടായിരുന്നു.

Copyright information for Mal1910